മണര്‍കാട്‌ ദേവിക്ഷേത്രം വക കുളം മാലിന്യം കൊണ്ട് നിറയുന്നു; അധികാരികളുടെ അവഗണന അവസാനിപ്പിച്ച് കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം

കോട്ടയം : ചരിത്ര പ്രസിദ്ധമായ മണര്‍കാട്‌ ദേവി ക്ഷേത്രം വക പെരുമാനൂര്‍ കുളം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. കഴിഞ്ഞ മാസം ഈ കുളത്തിന്റെ അരികിലൂടെ ജലവിഭവ വകുപ്പ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതിനു ശേഷം കുളത്തിന്റെ കല്‍ക്കെട്ട്‌ ഇടിയുകയും കുളത്തിനു സമീപം നിന്നിരുന്ന തെങ്ങിന്‍ തൈ വെട്ടി കുളത്തിലേക്ക് ഇടുകയും ചെയ്‌തു. അത് കുളത്തിലെ വെള്ളത്തില്‍ കിടന്നു ചീഞ്ഞ്‌ അഴുകി കുളത്തിലെ ജലം മലിനമാവുകയും ചെയ്‌തു.

നേരത്തെയും ഇതിനു സമാന പ്രവര്‍ത്തികള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം എന്ന കോടതിവിധി നിലനില്‍ക്കേ മണര്‍കാട്ടെ മണര്‍കാട്‌ ദേവി ക്ഷേത്ര വക പെരുമാനൂര്‍ കുളത്തിനോട്‌ അധികാരികളുടെ അവഗണന അവസാനിപ്പിക്കണം എന്നും കുളം സംരക്ഷിക്കപ്പെടാന്‍ എംഎല്‍എയുടെ സഹായം അഭ്യര്‍ഥിക്കും എന്നും ഭക്‌ത ജനങ്ങളും നാട്ടുകാരും അറിയിച്ചു.