കോട്ടയം : ഊരാളുങ്കല്‍ സൊസൈറ്റി നൽകിയ കോടികളുടെ ബില്ല് പാസാക്കാഞ്ഞതോടെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ടെർമിനലിന്‍റെ നിർമ്മാണം നിലച്ചു. ഈ വർഷം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. അപകടാവസ്ഥയിലായിരുന്ന പഴയ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പൊളിച്ച് പുതിയ ടെർമിനല്‍ പണിയുന്നതിന് വേണ്ടി ഏറെ നാള്‍ കാത്തിരുന്നതാണ്.
ഒടുവില്‍ ഏഴര കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി ആറ് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റി കരാർ ഏറ്റെടുത്തു. 2025 ല്‍ ഏപ്രിലില്‍ പുതിയ ടെർമിനലിന്‍റെ നിമ്മാണം തുടങ്ങി. അതിവേഗത്തില്‍ കെട്ടിടത്തിന്‍റെ രണ്ട് നിലകള്‍ക്കുള്ള കോണ്‍ക്രീറ്റ് സ്ട്രക്ച്ചർ പൂർത്തിയാക്കി. ആദ്യ ഘട്ടത്തിലെ നിർമ്മാണത്തിന്‍റെ ചെലവ് രണ്ടര കോടി രൂപ. കഴിഞ്ഞ നവംബർ മാസത്തില്‍ ഉരാളുങ്കല്‍ സൊസൈറ്റി രണ്ടര കോടി രൂപയുടെ ബില്ല് സർക്കാരിന് നല്‍കി.
എട്ട് മാസം കഴിഞ്ഞിട്ടും ബില്ല് പാസായിട്ടില്ല. അടുത്ത ഘട്ട നിർമ്മാണം തുടങ്ങണമെങ്കില്‍ പണം കിട്ടണമെന്നാണ് ഊരാളുങ്കല്‍ സൊസൈറ്റി പറയുന്നത്. മുടങ്ങിയ നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ചങ്ങനാശ്ശേരി എംഎല്‍എ വിനു ജോബ് നിയമസഭയില്‍ ഉന്നയിച്ചു. ബസ് സ്റ്റാന്‍റ് ഇല്ലാത്തതിനാല്‍ നിലവില്‍ ബസുകള്‍ റോഡില്‍ നിർത്തുന്നത് വലിയ ഗതാഗത കുരുക്കിനും കാരണമാണ്.
