തൃശ്ശൂർ കൊരട്ടിയിൽ യുവാവിന് ക്രൂരമർദ്ദനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൃശൂർ : തൃശൂർ കൊരട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. യുവാവിനെ അന്യായമായി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലാണ് നടപടി. തിരുവനന്തപുരം സ്വദേശിയായ വിനുകുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

 

വെസ്റ്റ് കൊരട്ടി കണ്ടന്‍കാവില്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ സിദ്ധാര്‍ഥ് (22) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന സിദ്ധാര്‍ഥിനെ അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തതായി എഫ്.ഐആറില്‍ പറയുന്നു.

 

തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്‌സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകര്‍ത്തു. 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയില്‍ പറയുന്നു. പരുക്കേറ്റ സിദ്ധാര്‍ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ കൊരട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.