ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു; സംഭവം കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ

തിരുവനന്തപുരം : കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള എസ്എഫ്ഐ മാർച്ചിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. ഇന്നലെ നടന്ന മാർച്ചിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സർവകലാശാലയിലേക്ക് പ്രവർത്തകർ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകൾ ഭാഗം ഇതിനിടയിൽ പെട്ടുപോകുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഉടൻ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂർത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്. ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.