തിരുവനന്തപുരം : ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളിൽ എത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. അതേസമയം സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതിക്കും രുപം നൽകും. സംസ്ഥാനത്ത് ‘മകൾക്കൊപ്പം’ പദ്ധതി ഇതിനായി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ പദ്ധതി നടപ്പാക്കും. സിദ്ധാർത്ഥിന്റെ പേരിലാണ് പദ്ധതി അവതരിപ്പിക്കുക. സംസ്ഥാനത്തെ ലഹരി മാഫിയകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് 10 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കുമെന്നും പ്രഖ്യാപനം. അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സ്മാരകം കൊച്ചിയിൽ നിർമ്മിക്കും. 1 കോടി രൂപ ഇതിനായി അനുവദിച്ചു. കോട്ടയത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതയായി മെഡിസെപ്പിൽ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകുമെന്ന് മുഖ്യമന്ത്രി. ദുർബല വിഭാഗത്തിനായി കരുതൽ മിഷൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
