അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എസ്ഐടിയോട് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി എസ്ഐടിയോട് നിർദ്ദേശിച്ചു. കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് എസ്‌ഐടി അറിയിക്കണമെന്ന കർശന നിർദ്ദേശവും ഹൈക്കോടതി നൽകി. ശബരിമല ദ്വാരപാലക ശില്‍പങ്ങളില്‍ 2025ല്‍ സ്വര്‍ണ്ണം പൂശിയ നടപടിയിൽ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഈ മാസം 29നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.

2025ല്‍ ദ്വാരപാലക ശില്പങ്ങള്‍ മാറ്റിയതില്‍ നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തുവെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ വിശദീകരണം നൽകി. പ്രതികള്‍ തമ്മിലുള്ള ആശയ വിനിമയവും ബോര്‍ഡിന്റെ തീരുമാനവും വ്യക്തമാണെന്നും എസ്ഐടി ചൂണ്ടിക്കാണിച്ചു. ഇടപാടുകളില്‍ പ്രതികള്‍ക്കുള്ള പങ്കിന്റെ തെളിവ് ലഭിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി. സ്വര്‍ണ്ണക്കവര്‍ച്ചയിലെ ക്രിമിനല്‍ ഗൂഡാലോചനയില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ പങ്കിലും വിശദമായ അന്വേഷണം വേണമെന്നും എസ്ഐടി ചൂണ്ടിക്കാണിച്ചു.