തിരുവനന്തപുരം: വെൽനെസ്സ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ തിരൂർ നഗരസഭ ഹെല്‍ത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി. (47) ആണ് പിടിയിലായത്. 4,300 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ തിരൂർ കന്മനം സ്വദേശിയുടെ പരാതിയിലാണ് വിജിലൻസിന്റെ നടപടി.
ഒരു ആയുർവേദിക് വെല്‍നസ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനായാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. ഈ കേസില്‍ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ സതീഷ്, നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരൻ ശിഹാബുദ്ധീൻ എന്നിവരെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിലാണ് ഹെല്‍ത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ പങ്കും പുറത്തുവന്നത്.
പരാതിക്കാരനെ ഫോണില്‍ വിളിച്ച് സർട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കാം എന്ന് ഉറപ്പുനല്‍കിയ വിനോദ് കുമാർ ഇതിനായി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുകയില്‍ 3,000 രൂപ നേരിട്ടും, ബാക്കി 1,300 രൂപ ഇയാള്‍ ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയുമാണ് വാങ്ങിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് വിനോദ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
