കഴുത്തിൽ ചങ്ങലയുമായി രാത്രിയിൽ ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി; കൊടും ക്രൂരതയില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് അതിസാഹസികമായി, സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ : ഭർത്താവ് വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളിക്കുകയും ചെയ്ത യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആറ് കിലോമീറ്ററോളം നടന്ന് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മംഗീഭായ് തൻവാർ എന്ന യുവതി ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 10ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിംഗ് ഭാര്യ മംഗീഭായുമായി വഴക്കിട്ടു. എതിർത്ത യുവതിയെ ഇയാൾ മരക്കൊമ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതെ അന്നുരാത്രി തന്നെ പൊലീസിൽ പരാതിപ്പെടാനായി മംഗീഭായ് വീട്ടിൽ നിന്നിറങ്ങി. എന്നാൽ വഴിമധ്യേ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് ഭർത്താവ് ഇവരെ തടയുകയും വീണ്ടും മർദ്ദിച്ച് ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. വീട്ടിലെത്തിച്ച ശേഷം ക്രൂരതയുടെ ആക്കം കൂടി. യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിന്‍റെ തൂണിൽ പൂട്ടിയിട്ടു. തുടർന്ന് ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി ചൂടാക്കി യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചു. യുവതി വേദനകൊണ്ട് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.

പിന്നീട് ഭർത്താവ് പുറത്തുപോയ തക്കം നോക്കിയാണ് യുവതി ചങ്ങല കല്ലുകൊണ്ട് പൊട്ടിച്ച് രക്ഷപെട്ടത്. രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയുടെ ബാക്കി ഭാഗവും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ തന്നെ ഖിൽച്ചിപൂർ സ്റ്റേഷനിലേക്ക് നടന്നെത്തി. തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിയായ ഭർത്താവ് സർദാർ സിംഗിനെ ഉടൻ തന്നെ ഗ്രാമത്തിൽ നിന്നു അറസ്റ്റ് ചെയ്തു.