ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കൃഷിയിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കം വ്യാപക സംഘര്‍ഷമായി. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൃഷിയിടത്തെ ചൊല്ലിയുള്ള ചെറിയ വാക്കേറ്റമാണ് കൊലപാതകത്തിലും വ്യാപക സംഘര്‍ഷത്തിലും എത്തിയത്. സംഘര്‍ഷ പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അയല്‍വാസികളായ ഇംതിയാസും വിനോദ് കുമാറും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് പിന്നിലെ കാരണം.
കൃഷിയിടത്തിലെ ജലസേചനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ വിനോദിനെയും കുടുംബത്തെയും ഇംതിയാസും സംഘവും ഇന്നലെ വീട്ടില്‍ കയറി മര്‍ദിച്ചിരുന്നു. ആക്രമണത്തിനിടയില്‍ വിനോദ് കൊല്ലപ്പെട്ടു. വിനോദിന്റെ കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
സംഘര്‍ഷം വ്യാപകമായതോടെ ഉത്തരാഖണ്ഡ് മുഖ്യനമന്ത്രി പുഷ്കര്‍ സിങ് ധാമി നേരിട്ട് ഇടപെടുകയായിരുന്നു. കൊലപാതകം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പുഷ്കര്‍ സിങ് ധാമി അറിയിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രതികളുടെ വീട് പൊളിക്കാന്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ നീക്കം ചെയ്യുകയാണിപ്പോള്‍. കൊല്ലപ്പെട്ട വിനോദ് ബിജെപി പ്രവര്ത്തകന് കൂടിയാണ്.
