വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിലെ അതൃപ്തിയെത്തുടർന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി.

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎല്‍എ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് ധാരണയായത്.

 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണായക യോഗത്തിലാണ് വി.ജോയിയെ ജില്ലാ സെക്രട്ടറി പദവിയില്‍ നിലനിർത്താനുള്ള ധാരണയായത്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ചർച്ചകളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു.

 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വി.ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ.എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എംഎല്‍എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഎമ്മിലെ സംഘടനാ രീതി.