മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കാണാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണും. സംഭവത്തില്‍ നിയമപോരാട്ടം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

 

ചൊവ്വാഴ്ചയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവതിന്റെ പരാതിയെ തുടര്‍ന്നായിരുന്നു മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. തെലങ്കാന കോടതിയില്‍ മീനാക്ഷിയുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചതാണെന്നും കേവത് ആരോപിച്ചിരുന്നു. എന്നാല്‍ മീനാക്ഷിയുടെ പേരില്‍ കേസുകളില്ലെന്നും കാരണം കാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നുമായിരുന്നു കോണ്‍ഗ്രസിലെ മധ്യപ്രദേശിൻ്റെ ചുമതല വഹിക്കുന്ന ഹരീഷ് ചൗധരി പറഞ്ഞത്.