‘സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല’; തമിഴ്നാട്ടില്‍ സിങ്കപ്പെണ്‍പ്പടൈ ഫോഴ്‌സിനെ നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി സി ജോസഫ് വിജയ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി തമിഴനാട്ടില്‍ സിങ്കപ്പെണ്‍പ്പടൈ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫോഴ്‌സിനെ നാടിന് സമർപ്പിച്ചു.

പ്രത്യേക വാഹനങ്ങളും സേനയുടെ ഹോളോഗ്രാമും മുഖ്യമന്തി പുറത്തിറക്കി.സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു.

 

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനാണ് സിങ്കപ്പെണ്‍പ്പടൈ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ മാനസിക വിഷമമുണ്ടാക്കുന്നു. അതിക്രമത്തിന് കാരണം ലഹരി വസ്തുക്കള്‍. ലഹരിയുടെ വേരറുക്കണം. ഓരോ വ്യക്തിയും സ്ത്രീ സുരക്ഷയ്ക്കായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച സ്ത്രീകള്‍ മാത്രമുള്ള പ്രത്യേക പൊലീസ് സേനയാണിത്.

 

ഇൻസ്‌പെക്ടർ ജനറല്‍ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് ഈ പ്രത്യേക സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ സി. ജോസഫ് വിജയ് ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം. സൈബർ ക്രൈം വിഭാഗം, സോഷ്യല്‍ മീഡിയ സെല്‍, ഇന്റലിജൻസ് വിംഗ്, തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനുകള്‍ എന്നിവയില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയാണ് ഈ ഫോഴ്‌സിലേക്ക് നിയോഗിച്ചിരിക്കുന്നത്. 18 സബ് ഇൻസ്‌പെക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ വലിയൊരു നിര തന്നെ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും.

 

സംസ്ഥാനത്തുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും ദ്രുതപ്രതികരണശേഷിയുമുള്ള ഒരു പോലീസ് സംവിധാനമാണ് ഈ സേന ലക്ഷ്യമിടുന്നത്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ സേനയില്‍ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.