മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇതിനൊപ്പം സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരെ സ്ഥാനങ്ങളില്‍നിന്ന് നിയമാനുസൃതമായി മാറ്റുന്നതിന് സ്വതന്ത്ര നടപടികള്‍ സ്വീകരിക്കും.

 

ഈ ഒഴിവുകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

 

 

 

 

നവീൻ ബാബുവിന്റെ മകള്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച്‌ ആശ്രിതനിയമനം നല്‍കാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നല്‍കി. കൂടാതെ, സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.