മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി.

 

ജില്ലാ പൊലീസ് മേധാവിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കല്‍ ഈ മാസം 9നകം പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍സിഫ് കോടതി പ്രത്യേകം ഇറക്കിയ ഉത്തരവ് തടയണം എന്നായിരുന്നു റൂറല്‍ എസ്പിയുടെ ആവശ്യം.

 

 

 

 

മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

 

പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.