പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നു, പിന്നില്‍ അനധികൃത വിഐപികള്‍; റിപ്പോര്‍ട്ടുമായി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ ‘വൈര നാമ’ കാണാനില്ല. ഭക്തര്‍ നല്‍കിയ സ്വര്‍ണത്തില്‍ 78 ഗ്രാം നഷ്ടമായി. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയിട്ട് തിരികെ വന്നില്ല. ഡിജിപി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ് ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാണാതാകലിന് പിന്നില്‍ അനധികൃത ‘വിഐപികള്‍’ ആണെന്നും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ചിലര്‍ സ്വാധീനം ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. പൊലീസ് സുരക്ഷ അട്ടിമറിക്കുന്നവരുടെ പട്ടികയും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ക്ഷേത്രത്തിലെ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം മറികടക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ പരിശോധനകളില്ലാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.ഏറ്റവും പ്രധാനമായി, സുരക്ഷാ പരിശോധനകൾ മറികടക്കുന്നതിനോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോർട്ടിൽ കർശനമായി ആവശ്യപ്പെടുന്നു.