എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം; ഇന്ത്യക്കാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

ന്യൂഡൽഹി: എബോള ബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

 

എബോള ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗബാധിത രാജ്യങ്ങളായ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശം.

 

ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന പൊതുജനാരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വകഭേദം സംഭവിച്ചതാണ് പുതിയ വൈറസ്.

 

മേയ് 14നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഇതിന് ബുൻഡിബുജ്യോ എന്ന പേരാണിട്ടിരിക്കുന്നത്. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം ഛര്‍ദി എന്നിവ കൂടാതെ ശരീരത്തില്‍ നിന്നും രക്തം ഒഴുകിപ്പോകല്‍ എന്നിവയാണ് വൈറസിന്‍റെ രോഗലക്ഷണങ്ങള്‍.

 

മേയ് 21 വരെയുള്ള കണക്കനുസരിച്ച് കോംഗോയിൽ 746 സംശയാസ്പദമായ കേസുകളും 176 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോ, യുഗാണ്ട എന്നിവയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.

 

ഉയർന്ന മരണനിരക്കുള്ള ഗുരുതരമായ രോഗമാണിത്. നിലവിൽ, ബുൻഡിബുജ്യോ വൈറസ് വകഭേദം മൂലമുണ്ടാകുന്ന എബോള രോഗം തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഇല്ല. ബുൻഡിബുജ്യോ വൈറസ് വകഭേദം മൂലമുള്ള എബോള രോഗബാധ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.