വിഷു ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്; റെക്കോർഡിട്ട് ടിക്കറ്റ് വിൽപ്പന, വിറ്റഴിഞ്ഞത് 44 ലക്ഷത്തിലധികം ടിക്കറ്റുകൾ

തിരുവനന്തപുരം: വിഷു ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.

പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 44 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ട്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

 

രണ്ടാംസമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. ആറ് പരമ്പരകളിലായാണ് വിഷു ബമ്പർ വിപണിയിലെത്തിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.