പൊലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാ ഭീഷണി മുഴക്കി സിവില്‍ പൊലീസ് ഓഫീസര്‍ ; സി ഐയും റെെറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തനിക്കെതിരെ സ്റ്റേഷനില്‍ ഗുഢാലോചന നടക്കുന്നുവെന്നാണ് സിവില്‍ പൊലീസ് ഓഫീസറുടെ ആരോപണം.

 

പത്തനംതിട്ട : പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഇന്നലെയാണ് സംഭവം നടന്നത്. വാട്സാപ്പ് ഗ്രൂപ്പിലെ ആത്മഹത്യാ ഭീഷണിക്ക് പിന്നാലെ ഇയാള്‍ മൊബെെല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലെ മറ്റ് പൊലീസുകാര്‍ പരിഭ്രാന്തരായി. എന്നാല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഇയാള്‍ വീട്ടിലുള്ളതായി മനസിലായി. തനിക്കെതിരെ സ്റ്റേഷനില്‍ ഗുഢാലോചന നടക്കുന്നുവെന്നാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുടെ ആരോപണം.

പുറത്തുള്ള ഡ്യൂട്ടിയാണ് തരുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ തനിക്കെതിരെ സി ഐ അടക്കം പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സി ഐയും റെെറ്ററുമാണ് ഉത്തരവാദികളെന്നും ഇയാള്‍ പറയുന്നു. പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് വിവരം.

അതേസമയം, കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കഠിനമായ ജോലിഭാരവും മേലുദ്യോഗസ്ഥരുടെ ശകാരവും താങ്ങാനാവാതെ പൊലീസുകാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം സംസ്ഥാനത്ത് ഇങ്ങനെ 51 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. അതിനു ശേഷമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച്‌ സൂക്ഷിക്കുന്നുമില്ല. ഡ്യൂട്ടിയിലായിരിക്കെ കാണാതായ കോഴിക്കോട് കുറ്റ്യാടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് ജീവനൊടുക്കിയതാണ് ഒടുവിലായി റിപ്പോര്‍ട്ട് ചെയ്ത സംഭവം.