ബെംഗളൂരു : ബെംഗളൂരു മഡിവാളയില്‍ 20 കാരിയായ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്.
കുറ്റം സമ്മതിച്ച് പ്രതിയായ സുല്‍ത്താൻ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മഡിവാളയില്‍ 20കാരിയായ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. സുഹൃത്തുക്കളുടെ കഫേയില്‍ പാർട്ട്ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 12ന് ജോലി ചെയ്തിരുന്ന കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒത്തുകൂടലിന് എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് പരാതി. പെണ്‍കുട്ടി എത്തിയപ്പോള്‍ കഫേ തുടങ്ങാൻ ഒത്താശകള്‍ ചെയ്ത, ഹൈനാസ് എന്നയാളും സുഹൃത്തുക്കളുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണം വാങ്ങാൻ സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്ത് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
തുടർന്ന് അടുത്ത ദിവസം തന്നെ മഡിവാള പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യം പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. പരാതി നല്കാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വെളിപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന ആവശ്യവും നിരസിച്ചു. കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പോലീസ് നിർദേശിച്ചതെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും പറഞ്ഞു. ഇതിനിടെ പോലീസ് സ്റ്റേഷനകത്ത് വച്ചുതെന്ന പ്രതി ഹൈനാസും കൂട്ടാളിയും ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് നിർബന്ധത്തിന് വഴങ്ങി പരാതിയില്ലെന്ന് എഴുതി നല്കിയ ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയ ഇവരെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു. ഇതിനു പിന്നാലെയാണ് ഇവർ ഡിസിപിയെ സമീപിച്ചത്.
സംഭവം വലിയ വാർത്തയായതോടെ കേസെടുക്കാൻ വൈകിയതില്‍ ഡിസിപി വിശദീകരണം തോടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി കർണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പ്രതിയായ ഹൈനസ് നിലവില്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
