‘ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി’, ആരോപണങ്ങള്‍ തള്ളി ഹോക്കി ഇന്ത്യ

ഡൽഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷി ആരോപണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി ഹോക്കി ഇന്ത്യ.

ശ്രീജേഷിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത് വിദേശിക്ക് വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി.

ശ്രീജേഷിനെ പുറത്താക്കിയതല്ലെന്നും മറിച്ച്‌ അദ്ദേഹത്തിന്‍റെ കരാർ അവസാനിച്ചതാണെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.

 

ജൂനിയർ ടീം പരിശീലകനായുള്ള ശ്രീജേഷിന്‍റെ കരാർ 2025 ഡിസംബറില്‍ ഔദ്യോഗികമായി അവസാനിച്ചുവെന്ന് ഹോക്കി ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തുടർന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ പരിശീലകനെ കണ്ടെത്തിയത്. ശ്രീജേഷിനെ ഞങ്ങള്‍ പുറത്താക്കിയിട്ടില്ല. പകരം 2028-ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ‘ഡെവലപ്‌മെന്‍റ് ടീമിനെ’ പരിശീലിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രീജേഷ് ഈ ഓഫർ നിരസിക്കുകയാണുണ്ടായത്. തീരുമാനം പുനപ്പരിശോധിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ശ്രീജേഷ് അതിന് തയ്യാറായില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി.

 

ജൂനിയർ ടീമിന്‍റെ പരിശീലകനായി വിദേശ പരിശീലകൻ തന്നെ വേണമെന്ന് സീനിയർ ടീം കോച്ച്‌ ക്രെയ്ഗ് ഫുള്‍ട്ടണ്‍ ആവശ്യപ്പെട്ടെന്ന ശ്രീജേഷിന്‍റെ ആരോപണവും ഹോക്കി ഇന്ത്യ നിഷേധിച്ചു. അത്തരമൊരു നിർദ്ദേശം ആരും നല്‍കിയിട്ടില്ലെന്നും യോഗ്യതയുടെ അടിസ്ഥാനമാക്കിയാണ് പുതിയ പരിശീലകനെ തീരുമാനിച്ചതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇന്ത്യൻ പരിശീലകരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, അതിന്‍റെ ഭാഗമായാണ് ശ്രീജേഷിന് പുതിയ ചുമതല വാഗ്ദാനം ചെയ്തതെന്നും ഫെഡറേഷൻ അറിയിച്ചു.

 

തന്‍റെ ഒന്നര വർഷത്തെ കാലയളവില്‍ അഞ്ച് മെഡലുകള്‍ നേടിയിട്ടും തന്നെ വിദേശിക്ക് വേണ്ടി മാറ്റിനിർത്തി എന്നായിരുന്നു ശ്രീജേഷിന്‍റെ ആരോപണം. എന്നാല്‍ താരം പുതിയ പദവി നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ഹോക്കി ഇന്ത്യയുടെ വെളിപ്പെടുത്തല്‍ വിഷയത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്.