മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് തീരുമാനിക്കട്ടെ, ലീഗ് കൂടെയുണ്ടാകും; നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: കേരളത്തില്‍ അധികാരമേല്‍ക്കാൻ പോകുന്ന യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

ഒരു മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ ലീഗിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

 

‘മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ ഈ വിഷയത്തില്‍ ലീഗുമായി ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫില്‍ തർക്കങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചർച്ചകള്‍ നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച്‌ കോണ്‍ഗ്രസുമായി ആലോചിച്ച്‌ തീരുമാനമെടുക്കും. യോഗ്യതയുള്ളവർക്ക് മാത്രമേ ലീഗില്‍ മന്ത്രിസ്ഥാനം നല്‍കൂ.

 

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശന്റെ പ്രവർത്തനം മികച്ചതാണ്. കൃത്യമായ കാരണങ്ങള്‍ സഹിതം ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതില്‍ ലീഗിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തെഹ്ലിയയുടെ വിജയം. ഇത്തരം വിമർശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ജനം തെളിയിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മന്നോട്ട് പോകും അനാവശ്യ വിവാദങ്ങള്‍ക്കില്ല’- പാണക്കാട് സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു.