തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് നല്കിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി.തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.
അതിജീവിതയെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്നും മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
തനിക്കെതിരെ ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പോലീസിന്റെ നീക്കമെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് രാഹുലിന് അനുകൂലമായി കോടതി ഉത്തരവിട്ടത്.
