വത്തിക്കാനില്‍ ചരിത്ര സമാഗമം: ആദ്യ വനിതാ ആര്‍ച്ച്‌ബിഷപ്പും പോപ്പ് ലിയോ പതിനാലാമനും കൂടിക്കാഴ്‌ച നടത്തി; ഒരുമിച്ച്‌ പ്രാര്‍ത്ഥിച്ചു; ലോകസമാധാനത്തിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയും ചർച്ച്‌ ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച്‌ബിഷപ്പായ സാറാ മുല്ലല്ലിയും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.

പരസ്പരം സമ്മാനങ്ങള്‍ കൈമാറിയ ഇരുവരും ഒരുമിച്ച്‌ പ്രാർത്ഥന നടത്തി. ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവർണ താളുകളില്‍ അടയാളപ്പെടുത്തുന്ന അതിപ്രധാനമായ കൂടിക്കാഴ്ചയായിരുന്നു ഇത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.

1534-ല്‍ കത്തോലിക്ക സഭയില്‍ നിന്ന് വേർപെട്ട് ഉണ്ടായതാണ് ചർച്ച്‌ ഓഫ് ഇംഗ്ലണ്ട് (ആംഗ്ലിക്കൻ സഭ). ലോകമാകെ എട്ടര കോടി അംഗങ്ങളുള്ളതാണ് ഈ സഭ. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷ പദത്തില്‍ എത്തിയത്.

ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ആർച്ച്‌ബിഷപ്പ് സാറാ മുല്ലല്ലി വത്തിക്കാൻ സന്ദർശിച്ചത്. ഈ ക്ഷണനത്തിന് മാർപാപ്പയോട് പ്രത്യേക നന്ദിയും ആർച്ച്‌ബിഷപ്പ് പ്രകടിപ്പിച്ചു.

140 കോടിയോളം വരുന്ന അംഗങ്ങളുള്ള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദത്തിലെത്തിയ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ. പരസ്‌ര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകണമെന്ന ആഗ്രഹം ലിയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ചു.