ഇരുപത്തിമൂന്നുകാരിയായ യുവതിയെ ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂരിലെ പൂണ്ടിക്ക് അടുത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. എസി വാങ്ങുന്നതിനെ ചൊല്ലി 23കാരി മോണിക്ക ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് മോണിക്ക മുറിയിലും ഭര്‍ത്താവ് ടെറസിലുമാണ് കിടന്നിരുന്നത്. പിറ്റേന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് 26കാരനായ ആകാശുമായി മോണിക്കയുടെ വിവാഹം നടന്നത്. മോണിക്കയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വിവാഹം നടന്നത്. കുറച്ചു ദിവസങ്ങളായി എസി വാങ്ങുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാകാം മോണിക്ക ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കടുത്ത ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ആകാശും അച്ഛനും അമ്മയും ഇളയ സഹോദരനും ടെറസില്‍ ആയിരുന്നു കിടന്നിരുന്നത്. മോണിക്ക മുറിയിലും കിടന്നു. ശനിയാഴ്ച രാവിലെ മോണിക്ക ഉറക്കമുണരാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം തിരുവള്ളൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
