തൃശൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ച് പത്തനംതിട്ട ചന്ദനപ്പള്ളി; തുക കാരുണ്യപ്രവർത്തനത്തിന്

തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പത്തനംതിട്ട ചന്ദനപ്പള്ളി. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. ഏപ്രില്‍ 21ന് മൂന്നു മണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നു.

അപകടത്തിന്റെ പശ്ചാലത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്തും. ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്.