ബിഡിഎസ് വിദ്യാർത്ഥി നിതിന്റെ മരണം; വീട്ടിലെത്തിച്ച മൃതദേഹം കണ്ട് തളർന്നു വീണ് മാതാപിതാക്കൾ, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഉള്ളുരുകി നാട്. നിതിന്റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചു. ഒരു ഡോക്ടറായി തിരിച്ചെത്തുമെന്ന് കരുതിയിരുന്ന രക്ഷിതാക്കള്‍ക്കു മുന്നിലേക്ക് നിതിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വീട്ടില്‍ നിന്നും അതിവൈകാരികമായ കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു. നിതിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടെ നടക്കുമെന്നാണ് വിവരം. അതേസമയം നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ ‘പുഴുത്ത പട്ടി’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്‌സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോളേജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ചിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.