‘പൊറുക്കാനാകാത്ത തെറ്റ്, ഹൃദയഭേദകം; ദയവായി ഈ പതിപ്പുകള്‍ കാണരുത്, പങ്കിടരുത്; ജനനായകൻ റിലീസിന് മുൻപ് ചോര്‍ന്ന സംഭവത്തിൽ പ്രതികരിച്ച്‌ നടൻ സൂര്യ

ചെന്നൈ: വിജയ് ചിത്രം ജനനായകൻ റിലീസിന് മുൻപ് ചോർന്ന സംഭവത്തില്‍ പ്രതികരണവുമായി നടൻ സൂര്യ.

ഹൃദയഭേദകം നിറഞ്ഞ കാര്യമാണിതെന്നും പൊറുക്കാനാകാത്ത തെറ്റാണിതെന്നും സൂര്യ പറഞ്ഞു.

ചോർന്ന വീഡിയോകള്‍ കാണരുതെന്നും അത് പങ്കിടുകയോ ചർച്ച ചെയ്യുകയോ ചെയ്യരുതെന്നും സൂര്യ ജനങ്ങളോടായി അഭ്യർത്ഥിച്ചു. തന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലിലൂടെ ആയിരുന്നു സൂര്യയുടെ പ്രതികരണം.

“ഹൃദയഭേദകവും അന്യായവുമായ കാര്യമാണ് നടന്നത്. ഒരു ടീമിൻ്റെ മുഴുവൻ പ്രയത്നവും ഇതിലേക്ക് ചുരുങ്ങി. ദയവായി ഈ പതിപ്പുകള്‍ കാണരുത്, പങ്കിടരുത്, ചർച്ച ചെയ്യരുത് എന്ന് നിങ്ങളോട് ഞാൻ ആത്മാർത്ഥമായി അപേക്ഷിക്കുകയാണ്. അവരുടെ ജോലിയെ ബഹുമാനിക്കുക. ഞാൻ എൻ്റെ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയാണ്. ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്യുന്നു. ഇത് പൊറുക്കാനാവാത്ത തെറ്റാണ്”, എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍.