ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വർധന; സ്വർണവിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങൾ തുടരുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റങ്ങൾ തുടരുന്നു. ഇന്ന് രാവിലെ പവന് 1,320 രൂപ കുറഞ്ഞ സ്വർണവില ഉച്ചയോടെ തിരിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. പവന് 1,120 രൂപയുടെ വർധനവാണ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. ഇതോടെ 1,09,360 രൂപയിൽ നിന്നും സ്വര്‍ണവില 1,10,480 രൂപയായി ഉയർന്നു. ഗ്രാമിന് 140 രൂപ വർധിച്ച് 13,810 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാനുള്ള സാധ്യതകൾ തെളിഞ്ഞതാണ് വിപണിയിലെ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും തമ്മിൽ 45 ദിവസത്തെ വെടിനിർത്തൽ വ്യവസ്ഥകളെക്കുറിച്ച് ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ആഗോള വിപണിയെ സ്വാധീനിച്ചു. ഇതിനെത്തുടർന്ന് എണ്ണവിലയിലും കുറവുണ്ടായി. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിലേക്ക് താഴ്ന്നത് സ്വർണവിലയിലും പ്രതിഫലിക്കുകയായിരുന്നു.

പശ്ചിമേഷ്യയിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സ്വർണവിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാം. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില.