നാമനിർദ്ദേശപത്രികയിൽ തെറ്റുകൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ പത്രിക നൽകിയത് അവസാനനിമിഷത്തിൽ. മൂന്ന് മണിക്ക് നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കുമെന്നിരിക്കെ 2.50ഓടെയാണ് സന്ദീപ് വാര്യർ പുതുക്കിയ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. കോൺഗ്രസ് നേതാവ് അഡ്വ ബിഎം ജമാലാണ് സന്ദീപ് വാര്യർക്കൊപ്പം ഉണ്ടായിരുന്നത്. വലിയ സമ്മർദ്ദമാണ് ഇരുവരും അനുഭവിച്ചത്. രാവിലെ 11.20ഓടെയാണ് സന്ദീപ് വാര്യർ ഹൊസ്ദുർഗ് തഹസിൽദാർ പികെ പ്രേമാനന്ദ് മുൻപാകെ പത്രിക സമർപ്പിക്കാനെത്തിയത്. കൂടെ രാജ്മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പികെ ഫൈസലും ഉണ്ടായിരുന്നു. എന്നാൽ പത്രിക കയ്യിൽ ലഭിച്ച തഹസിൽദാർ മുദ്രപത്രത്തിന്റെ വില കുറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തി. 200 രൂപയുടെ മുദ്രപത്രത്തിന് പകരം 100 രൂപയുടേതാണ് ഉണ്ടായിരുന്നത്.
ഉടൻതന്നെ രാജ്മോഹൻ ഉണ്ണിത്താൻ ബിഎം ജമാലിനെ വിളിച്ചുവരുത്തി 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം തയാറാക്കിച്ചു. നോട്ടറി അഭിഭാഷകൻ എംടിപി കരീം താലൂക് ഓഫീസിൽവെച്ച് തന്നെ സീൽപതിപ്പ് ഒപ്പുവെച്ചു. എന്നാൽ അപ്പോഴാണ് മറ്റ് പല തെറ്റുകൾ പത്രികയിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പുതിയ പത്രിക തയാറാക്കി. സമയം ഏറെ വൈകിയതിനാൽ നിരവധി യുഡിഎഫ് കൺവെൻഷൻ പരിപാടികൾ സന്ദീപിന് ഒഴിവാക്കേണ്ടിവന്നു.
