വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി, വിചാരണക്കോടതിക്ക് കടുത്ത വിമര്‍ശനം

പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

പാലക്കാട് എസ്‌സി/എസ്ടി സ്‌പെഷ്യല്‍ കോടതിയുടെ ജാമ്യ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്. വിചാരണക്കോടതി യാന്ത്രികമായി പ്രവര്‍ത്തിച്ചതായും, കേസ് പരിഗണനയില്‍ ആവശ്യമായ ഗൗരവം കാണിച്ചില്ലെന്നുമാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

പ്രതികള്‍ക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിച്ചതായും, മരിച്ചയാളുടെ കുടുംബത്തിന്റെ വാദം പോലും കേള്‍ക്കാതെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് വിചാരണക്കോടതി ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്.

 

2025 ഡിസംബര്‍ 18-ന് അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചുകൊണ്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാംനാരായണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ 5 ലക്ഷം രൂപയും കുടുംബത്തിന് ധനസഹായമായി നൽകി.