ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങും; ഒടുവിൽ യുവാവ് വടകര പൊലീസ് പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.

 

മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മദ് ജസീലാണ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മലപ്പുറം കോട്ടക്കൽ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീല്‍ വടകര പോലീസ് പിടിയിലായത്. പന്ത്രണ്ട് പവനോളം സ്വർണം ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി.

 

ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വടകരയിലെ ലോഡ്ജിൽ എത്തിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇതേ യുവതിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ബലാത്സസംഗം ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ട്.

 

പാലക്കാട് ജില്ലയിലെ നാട്ടുകൽ പോലീസ് സ്റ്റേഷനിൽ മുഹമ്മദ് ജസീലിനെതിരെ കവർച്ച കേസ് നിലവിലുണ്ട്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളിൽ വിളിച്ചു വരുത്തി സ്വർണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി.

 

നിരവധി സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുകയാണ്.