സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി 2027 വരെ നീട്ടി; തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി സർക്കാർ. ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. ഈ വർഷം ജൂൺ 30നായിരുന്നു റവാഡ ചന്ദ്രശേഖർ വിരമിക്കേണ്ടിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖറിന് 2027 ജൂൺ 30 വരെ നിയമനം നീട്ടി കിട്ടും. ഇതോടൊുപ്പം സംസ്ഥാന പൊലീസ് സേനയിൽ 51 അധിക തസ്‍‌തിക സൃഷ്ടിക്കാനും തീരുമാനമുണ്ട്.

പൊലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ‍ഡ്രൈവര്‍‌മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടത്.