ജര്‍മ്മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി പിടിയില്‍

കസർകോട്: ജർമ്മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പോലീസ് കർണാടകയില്‍ നിന്നും പിടികൂടി .ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ്(36) ആണ് അറസ്റ്റിലായത്.

ജർമ്മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരില്‍ പരാതിക്കാരനില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നല്‍കാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 

പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ദാബസ്പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് സംഘം എത്തി പിടികൂടുകയായിരുന്നു.

ഒളിവില്‍ കഴിയുന്നതിനിടെ ഏകദേശം ഒരു വർഷത്തോളമായി പ്രതി ഒരു ഹോട്ടലില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. ആനന്ദകൃഷ്ണൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ.ടി. അനില്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.