ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍; ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ നിര്‍ദേശം നല്‍കി ഖാദിമാര്‍

കോഴിക്കോട്: ഒരുക്കങ്ങള്‍ പൂർത്തിയാക്കി റമദാൻ മാസത്തെ വരവേല്‍ക്കാനുള്ള കാത്തിരുപ്പില്‍ മുസ്‌ലിംകള്‍.

ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെ റമദാൻ ഒന്നായിരിക്കും.
ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നല്‍കിയിട്ടുണ്ട്.

ശഅബാൻ 29 ആയ ഇന്ന് വൈകിട്ട് മാസപ്പിറവി ദൃശ്യമായാല്‍ നാളെ റമദാൻ വ്രതം ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുക.

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അഴിച്ചുപണിയുടെ മാസമാണ്. അടുത്ത ഒരു വർഷത്തേക്കുള്ള ആത്മീയ ഊർജം സംഭരിക്കാനുള്ള കാലം.