രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് കെട്ടിടം തകർന്നു വീണ് അപകടമുണ്ടായത്. കോട്ടയിലെ തൽവാണ്ടി മേഖലയിലെ മൂന്നുനില കെട്ടിടമാണ് തകർന്നുവീണത്. ഭക്ഷണശാലയായിരുന്നു ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്താണ് അപകടകാരണം എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവം നടന്നയുടൻതന്നെ അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

തകർന്നുവീഴുന്ന സമയത്ത് ഭക്ഷണശാലയിൽ നിരവധി പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂറ്റൻ യന്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്. സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ എംപിയും സ്പീക്കറുമായ ഓം ബിർള രംഗത്തെത്തി. ജില്ലാ കളക്ടറുമായും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ഓം ബിർള, രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനും നിർദേശിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്ഖെ പഴക്കം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ബിൽഡിങ്ങിന് ആവശ്യമായ ഫിറ്റ്നെസ് രേഖകളും മറ്റും ഉണ്ടായിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്.