ആറാം കിരീടം ലക്ഷ്യമിട്ട് കൗമാരപ്പട..! എല്ലാ കണ്ണുകളും വൈഭവ് സൂര്യവൻഷിയില്‍; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

തിരുവനന്തപുരം: അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.

ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
അണ്ടർ-19 ലോകകപ്പില്‍ ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി എത്തുന്ന ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ ആയുഷ് മാത്രയും സംഘവും ഇറങ്ങുന്നത്. ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.

കിരീടപ്പോരിനിറങ്ങുമ്പോള്‍ 15-കാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ടൂർണമെന്‍റില്‍ ഇതിനകം മൂന്ന് അർധസെഞ്ച്വറികള്‍ നേടിയ വൈഭവ് ഫൈനലിലും ബാറ്റിംഗ് വിസ്ഫോടനം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.