സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസ വാർത്ത; ഇന്നും പവന് 6000ത്തിലധികം രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നും ആറായിരത്തിലേറെ രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ നിന്നുള്ള സ്വര്‍ണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.

കൂടാതെ മുന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ തലവനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതും അന്താരാഷ്ട്ര രംഗത്ത് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇറാന്‍-അമേരിക്ക സംഘര്‍ഷ സാധ്യത അയയുന്നതും ഇന്ന് സ്വര്‍ണത്തിലെ ഇടിവിന് കാരണമായി.