ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാം; ട്രംപ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിന് പകരമായി ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വാങ്ങാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യയോട് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ജനുവരി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി സംസാരിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞയാഴ്ച ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

വെനസ്വേലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. വെനസ്വേലൻ എണ്ണ വാങ്ങുന്നതിനായി ചൈനയെയും ട്രംപ് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ വെനസ്വേലയുമായുള്ള വ്യോമാതിർത്തി ട്രംപ് തുറന്നിരുന്നു. പിന്നാലെ അമേരിക്കയിലെ പ്രധാനപ്പെട്ട എണ്ണ കമ്പനികൾ സ്ഥലങ്ങൾ പരിശോധിക്കാൻ വെനസ്വേലയിലേക്ക് പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.