കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ്‌യുടെ ആത്മഹത്യ: സംസ്കാരം ഇന്ന് ബെംഗളൂരുവിൽ, ഉച്ചക്ക് ഒരു മണി വരെ പൊതുദർശനം

ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരന്‍ സിജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും. റോയിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അശോക് നഗര്‍ പൊലീസ് കേസെടുത്തു. ആധായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്.

റോയിയുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബുആരോപിച്ചിരുന്നു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതിയും നല്‍കി. പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.

ഇന്നലെ വൈകുന്നേരമാണ് സിജെ റോയ് ആത്മഹത്യ ചെയ്യുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.