ഡെലുലു ഇനി ഒടിടിയിൽ; തിയേറ്ററിലെ വൻ വിജയത്തിന് പിന്നാലെ സർവം മായ ഒടിടിയിലേക്ക്: സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. തിയേറ്ററിൽ എത്തി ഒരു മാസത്തിനോട് അടുക്കുകയാണ് സിനിമ. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്.

അതേസമയം, സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങിയത് . പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.