ഗുജറാത്തിൽ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മാരിടൈം ബോർഡ് ഉദ്യോഗസ്ഥനായ യഷ്രാജ്സിങ് ഗോഹിലാണ് ഭാര്യ രാജേശ്വരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതിമാർ താമസക്കുന്ന അഹമ്മദാബാദിലെ അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും വിവാഹിതരായിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വാക്ക് തർക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി ദമ്പതിമാർ തമ്മിൽ ഒരു തർക്കം ഉണ്ടായതായും, അതിനിടയിൽ യഷ്രാജ്സിങ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യഷ്രാജ്സിങ് 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജേശ്വരി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനിടെ യുവതിയുമായി ആംബുലൻസ് പുറപ്പെട്ടതിന് പിന്നാലെ യഷ്രാജ്സിങ് അപ്പാർട്ട്മെന്റിലെ മറ്റൊരു മുറിയിലേക്ക് പോയി തോക്കുപയോഗിച്ച് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്നും പൊലീസ് പറഞ്ഞു.
ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി; വിവാഹം രണ്ട് മുൻപ്, സംഭവം ഗുജറാത്തിൽ
