ചരിത്രം തിരുത്തിക്കൊണ്ട് വിലയിൽ വലിയ കുതിപ്പ് തുടരുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 3,650 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രാവിലെ വില കത്തിക്കയറിയത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.
ഇന്നലെ മാത്രം മൂന്ന് തവണകളായി ഗ്രാമിന് 395 രൂപയാണ് വര്‍ധിച്ചത്. രാവിലെ ഗ്രാമിന് 95 രൂപ വര്‍ധിച്ച് 13,500 രൂപയും പവന് 1,08,000 രൂപയുമായിരുന്നു. പിന്നീട് ഉച്ചയ്ക്കു മുന്‍പ് ഗ്രാമിന് 100 രൂപ കൂടി 13,600 രൂപയായി. പവന് 2920 രൂപയുടെ വര്‍ധനവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നലെയുണ്ടായത്. അതിനെല്ലാം ഒടുവിലാണ് സ്വര്‍ണവിലയില്‍ വൈകുന്നേരത്തോടെ നേരിയ ഇടിവുണ്ടായത്. സ്വർണവില ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെയും സ്വാധീനിക്കുന്നത്.
ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
