മലയാളി മനസുകളിൽ തേന്മഴ നിറച്ച ഗന്ധർവൻ; ഗാനഗന്ധർവന് ഇന്ന് 86ആം പിറന്നാൾ

മലയാളത്തിന്റെ ഗന്ധർവ ഗായകന് ഇന്ന് 86ആം പിറന്നാളാണ്. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേർന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം. 1961ൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ടത്.

8 തവണ മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം. 25 സംസ്ഥാന പുരസ്‌കാരങ്ങള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലായി അൻപതിനായിരത്തിലേറെ പാട്ടുകള്‍. ഒരേ ദിവസം 4 ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 16 ചലച്ചിത്രഗാനങ്ങള്‍ വരെ റിക്കാര്‍ഡ് ചെയ്തു. പത്മഭൂഷൺ, ജെസി ഡാനിയല്‍ അവാര്‍ഡ്, വിവിധ സര്‍വകലാശാലകളുടെ ഡി-ലിറ്റ്. അങ്ങനെ പുരസ്‌കാരങ്ങള്‍ക്കപ്പുറം വളര്‍ന്ന മഹാപ്രതിഭയാണ് കെജെ യേശുദാസ്.

മലയാളികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള സംഗീതാസ്വാദകര്‍ക്ക് ഡോ. കെജെ യേശുദാസ്, വെറുമൊരു പിന്നണി ഗായകന്‍ മാത്രമല്ല. പ്രണയം, വിരഹം, ദു:ഖം, നിരാശ , സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമാണ് ആ ശബ്ദ സാന്നിധ്യം. സൗമ്യ കാമുക ശബ്ദത്തില്‍ ഓരോ തവണയും യേശുദാസ് പാടുമ്പോള്‍, അതിരില്ലാത്ത പ്രണയം ഗാനങ്ങളില്‍ നിറയുന്നു. തലമുറകളുടെ പ്രേമ വിരഹ ഗായകനായി യേശുദാസ് മാറി. പാട്ടിന്റെ മോഹവലയം തീര്‍ക്കുന്ന ശബ്ദസ്വാധീനം കൊണ്ട് ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള്‍ സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്‍ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു. സംഗീതമുള്ളിടത്തോളം കാലം ആ ഗന്ധർവനാദം നമ്മുടെ കാതുകളിൽ തേന്മഴയായി പെയ്തുകൊണ്ടേയിരിക്കും.