ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; സഹപ്രവർത്തകൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു

ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ ഗാർമെന്റ് ഫാക്ടറിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഹിന്ദു കൊലപാതകമാണിത്. മൈമെൻസിംഗിലെ ഭാലുക ഉപസിലയിലുള്ള സുൽത്താന സ്വീറ്റേഴ്സ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് ഫാക്ടറിയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അൻസാർ അംഗമായ ബജേന്ദ്ര ബിശ്വാസ് (42) ആണ്. ഇതേ യൂണിറ്റിലെ മറ്റൊരു അൻസാർ അംഗമായ നോമാൻ മിയ (29) ആണ് വെടിയുതിർത്തത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡ്യൂട്ടിയിലായിരുന്ന ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിൽ നോമാൻ മിയ തന്റെ കൈവശമുണ്ടായിരുന്ന സർക്കാർ തോക്ക് തമാശരൂപേണ ബിശ്വാസിന് നേരെ ചൂണ്ടി. എന്നാൽ അപ്രതീക്ഷിതമായി തോക്ക് പൊട്ടുകയും ബിശ്വാസിന് വെടിയേൽക്കുകയുമായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പ്രതിയായ നോമാൻ മിയയെ പോലീസ് അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.