ആരവല്ലി മലനിരകളുടെ പുതിയ നിർവചനം; ഉത്തരവ് സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നവംബറിലെ സുപ്രീം കോടതിയുടെ തന്നെ ഉത്തരവാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഏതെങ്കിലും നിര്‍ദേശമോ കോടതി ഉത്തരവോ നടപ്പിലാക്കുന്നതിന് മുമ്പ് നിഷ്പക്ഷവും സ്വതന്ത്രവുമായ വിദഗ്ദാഭിപ്രായം തേടണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജെകെ മഹേശ്വരി, എജി മസിഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. പുതുക്കിയ നിര്‍വചനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജനുവരി 21ന് വീണ്ടും വാദം കേള്‍ക്കും. സര്‍വേയ്ക്കും പഠനത്തിനും പുതിയ കമ്മിറ്റിയെ രൂപീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും മലനിരകൾ ഉൾപ്പെടുന്ന നാല് സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. പുതിയ നിര്‍വചന പ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. ആരവല്ലി മലനിരകളുടെ പുതിയ നിര്‍വചനത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ സുപ്രീം കോടതി തന്നെ സ്വമേധയാ രജിസ്റ്റര്‍ കേസിലാണ് ഇടപെടല്‍.