ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. പുതിയ നിര്‍വചനം അനിയന്ത്രിതമായ ഖനനത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെകെ മഹേശ്വരി, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. നാളെ വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സുപ്രീം കോടതിയുടെ തന്നെ പുതിയ നിര്‍വചനത്തിന് പിന്നാലെ വന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. നവംബറിലാണ് സുപ്രീം കോടതി ആരവല്ലിയുടെ നിര്‍വചനം പുതുക്കിയ വിധി പുറപ്പെടുവിച്ചത്. രാജസ്ഥാന്, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ച് നില്ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലനിരകളില്ലൊന്നാണ് ആരവല്ലി മലനിരകള്‍. ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ, 500 മീറ്ററിനുള്ളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് ആരവല്ലി കുന്നുകളായി കണക്കാക്കുയെന്നതായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിര്‍വചനം. ഈ നിര്‍വചനത്തില്‍ പെടാത്തവയെ ആരവല്ലി കുന്നുകളായി കണക്കാക്കില്ല.
ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 12,081 കുന്നുകള്‍ ഉണ്ട്. 1048 കുന്നുകള്‍ മാത്രമേ 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളു. ഇങ്ങനെ വരുമ്പോള്‍ പുതിയ നിര്‍വചനം പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. അന്നത്തെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്, എന്‍വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ച് പരിസ്ഥിതി-വന-കാലാവസ്ഥാ വകുപ്പ് മന്ത്രാലയത്തിന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍വചനം അംഗീകരിക്കുകയായിരുന്നു.
