ചെന്നൈ : രണ്ടു ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണു കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും പൊതുഅവധി പ്രഖ്യാപിച്ചു. നിരവധി ട്രെയിൻ, വിമാന സര്‍വീസുകളും റദ്ദാക്കി. കനത്ത മഴയെ തുടര്‍ന്ന് 118 ട്രെയിനുകള്‍ റദ്ദാക്കിയത്. കേരളത്തിലൂടെയുള്ള 35 ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് പുറപ്പെടേണ്ട എട്ട് ട്രെയിനുകള്‍ ആണ് റദ്ദാക്കിയത്.
ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന മൈസൂരു ശതാബ്ദി എക്സ്പ്രസ്, കോയമ്ബത്തൂര്‍ കോവൈ എക്സ്പ്രസ്, കോയമ്ബത്തൂര്‍ ശതാബ്ദി എക്സ്പ്രസ്, കെഎസ്‌ആര്‍ ബെംഗളൂരു എസി ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്, കെഎസ്‌ആര്‍ ബെംഗളൂരു ബൃന്ദാവൻ എക്സ്പ്രസ്, തിരുപ്പതി സപ്തഗിരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.അതേസമയം, വെള്ളക്കെട്ട് കാരണം 14 സബ്‌വേകള്‍ അടച്ചു.
മിഗ്ജൗം ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാടും ആന്ധ്രയും അതീവജാഗ്രതയിലാണ്.കനത്ത മഴയിലും കാറ്റിലും ചെന്നൈ കാനത്തൂരില്‍ പുതുതായി നിര്‍മിച്ച മതില്‍ തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്.അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തിലും സമീപ ജില്ലകളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയും കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകളെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പീര്‍ക്കൻകരനൈയ്ക്കും പെരുങ്ങലത്തൂരിനും സമീപം താംബരം പ്രദേശത്തെ വെള്ളക്കെട്ടില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ എൻഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ബേസിൻ ബ്രിഡ്ജിനും വ്യാസര്‍പാടിക്കും ഇടയിലുള്ള 14-ാം നമ്പർ പാലം സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി അടച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.ഐഎംഡിയുടെ കണക്കനുസരിച്ച്, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ പരിധിയിലെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചു — വലസരവാക്കം (154.2 മില്ലിമീറ്റര്‍), നുങ്കമ്ബാക്കം (101.7 മില്ലിമീറ്റര്‍), ഷോളിങ്ങനല്ലൂര്‍ (125.7 മില്ലിമീറ്റര്‍), കോടമ്ബാക്കം (123.3 മില്ലിമീറ്റര്‍), മീനമ്ബാക്കം ( 108 എംഎം) എന്നിങ്ങനെയാണ് കണക്ക്. സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.
