കാലിഫോർണിയ: വിൻഡോസിനും മാകിനും ലഭ്യമായ മെസഞ്ചർ ഡെസ്‌ക്‌ടോപ് ആപ്പ് ഡിസംബർ 15 മുതല്‍ പൂർണമായും നിർത്തലാക്കുമെന്ന് ഫേസ്ബുക്കിൻറെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം.
ഡിസംബർ മധ്യത്തിനു ശേഷം ഉപയോക്താക്കള്‍ക്ക് ആപ്പില്‍ ലോഗിൻ ചെയ്യാൻ സാധിക്കില്ല. പകരം സന്ദേശങ്ങള്‍ ഫേസ്ബുക്കിൻറെ വെബ്‌സൈറ്റ് മുഖേന മാത്രം ലഭിക്കുന്ന വിധത്തില്‍ റീഡയറക്‌ട് ചെയ്യും. വിൻഡോസിലും മാകിലുമുള്ള മെസഞ്ചറിൻറെ ഡെസ്‌ക്‌ടോപ്പ് ആപ്പുകള്‍ ഷട്ട്ഡൗണ്‍ ചെയ്യും.
നിലവില്‍ മെസഞ്ചർ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഷട്ട്ഡൗണ്‍ പ്രക്രിയ ആരംഭിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കും. പിന്നീട് 60 ദിവസംകൂടി ആപ്പ് ഉപയോഗിക്കുന്നത് തുടരാം. ഈ കാലയളവിനുശേഷം ആപ്പ് അണ്‍ഇൻസ്റ്റാള്‍ ചെയ്യാൻ മെറ്റ ശുപാർശ ചെയ്യും. ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കാൻ മെറ്റ നടപടി സ്വീകരിക്കുന്നുണ്ട്. മെസഞ്ചറില്‍ ഇതുവരെ സുരക്ഷിതമായ സ്റ്റോറേജ് ഓണാക്കിയിട്ടില്ലാത്ത ഉപയോക്താക്കള്‍ അതിനായി ഡെസ്‌ക്‌ടോപ് ആപ്പില്‍ പിൻ സജ്ജീകരിക്കാം. വെബ് പതിപ്പിലേക്ക് മാറുന്നതിന് മുമ്പ് ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
