മത്തങ്ങയുടെ കുരു വലിച്ചെറിയാൻ വരട്ടെ; കണ്ണുകള്‍ക്കും ചര്‍മത്തിനും മികച്ചത്; എല്ലുകളെ ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമം

കോട്ടയം: വലിച്ചെറിയുന്ന മത്തങ്ങാ കുരുവില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

ദിവസവും അഞ്ച് മത്തങ്ങാക്കുരു കുതിർത്ത് കഴിക്കുന്നതു വഴി ലഭിക്കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്.

എല്ലുകളെ ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മത്തങ്ങാക്കുരു സഹായിക്കുന്നു.

രോഗപ്രതിരോധശക്തി വർധിപ്പിക്കും
പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ധാതുവായ സിങ്ക് മത്തങ്ങാക്കുരുവില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അണുബാധകളെ പ്രതിരോധിക്കാൻ ശ്വേതരക്താണുക്കളെ സിങ്ക് കൂടുതല്‍ ഫലപ്രദമായി സഹായിക്കും. സമീകൃതഭക്ഷണത്തോടൊപ്പം ദിവസവും ഒരുപിടി മത്തങ്ങാക്കുരു കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും.

മെച്ചപ്പെട്ട ഹൃദയാരോഗ്യം
മത്തങ്ങാക്കുരുവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പിന്റെ നിരക്ക് നിയന്ത്രിക്കുകയും രക്തസമ്മർദം കൂടാതെ കാക്കുകയും ചെയ്യും. ദിവസവും മത്തങ്ങാക്കുരു കഴിക്കുന്നതു വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും.

മനസ്സിനെ ശാന്തമാക്കുന്നു
മത്തങ്ങാക്കുരുവില്‍ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം സെറോടോണിൻ ആയി മാറ്റുന്നു. ചെറിയ അളവ് പോലും സമ്മർദവും ഉത്കണ്ഠയും അകറ്റാൻ സഹായിക്കും എന്ന് പഠനങ്ങള്‍ പറയുന്നു.