കോട്ടയം : നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയെ 26 വർഷത്തിന് ശേഷം പിടികൂടി കോട്ടയം രാമപുരം പോലീസ്.
തിരുവനന്തപുരം പൊയ്കക്കട ഇൻതുങ്കൽ വീട്ടിൽ സുനിൽകുമാർ ആണ് പിടിയിലായിരിക്കുന്നത്. അന്ന് മോഷണം നടത്തിയ മൂന്നു പ്രതികളിൽ രണ്ടാം പ്രതിയാണ് ഇയാൾ, കേസിൽ പ്രതിയാകുമ്പോൾ സുനിലിന് 22 വയസ് മാത്രമായിരുന്നു പ്രായം.
1999 മെയ് 30 നാണ് കേസിനാസ്പദമായ സംഭവം, രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടിൽ നിന്നും നിർത്തിയിട്ടിരുന്ന ഹീറോ ഹോണ്ട ബൈക്ക്മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ഈ കേസിൽ 1,3പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും രണ്ടാം പ്രതിയായ ഇയാളെ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയുമായിരുന്നു.
സ്വന്തമായി ഫോൺ ഉപയോഗിക്കാതെയും പൊതു ചടങ്ങുകളിൽ പങ്കെടുക്കാതെയും ജീവിച്ചു വരികയായിരുന്നു, ഒരു വർഷം മുൻപ് വരെ പിരപ്പൻകോട് ആയിരുന്നു താമസിച്ച് കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
തിരുവനന്തപുരം വട്ടപ്പാറയിൽ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം ഇയാൾക്ക് ഇല്ലാത്തതിനാലും, മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാലും പ്രതിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.
താമസിക്കുന്ന സ്ഥലങ്ങളിൽ ഒന്നിലധികം പട്ടിയെ വളർത്തിയിരൂന്നതിനാൽ അയൽവാസികൾക്ക് മറ്റും വീട്ടിലേക്ക് കയറുന്നതിനും തടസ്സമായിരുന്നു.
കേരളത്തിൽ കല്ലമ്പലം,കിളിമാനൂർ, അഞ്ചൽ,പാലാ,രാമപുരം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്,
ഇയാൾക്ക് മറ്റു പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നിരവധി നാളുകളിലെ അന്വേഷണത്തിനും പ്രയത്നത്തിനും ഒടുവിൽ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് IPS ന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സദന്റെ മേൽനോട്ടത്തിൽ രാമപുരം പോലീസ് സ്റ്റേഷൻ SHO അഭിലാഷ് കുമാർ, സിപിഒ അനീഷ്, സിപിഒ ശാന്തി ടി ശശി, അനീഷ്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞദിവസം എട്ടുവർഷത്തോളമായി കേരളം കർണാടകം തമിഴ്നാട് പോലീസിന് പിടികൊടുക്കാതെ നടന്ന സാമ്പാർ മണിയെ കർണാടക വനാതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്തതും രാമപുരം പോലീസ് ആണ്.
